മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും ഇന്ന് (ആഗസ്റ്റ് 14) മട്ടന്നൂരിൽ നടന്നു.
മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യമന്ത്രിയുമായ കെ. കെ ഷൈലജ ടീച്ചർ സമര പ്രഖ്യാപന കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ തുടങ്ങുന്നതിന് മുൻപ്, രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ ‘സമര വിളംബര ജാഥയും’ നടന്നു. കണ്ണൂർ ജില്ലയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽപെട്ട വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, അണികളും, സാമൂഹ്യ – സാംസ്‌കാരിക – സാമുദായിക നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. മട്ടന്നൂർ നഗരസഭാ മുൻ ചെയർമാൻ പി. പുരുഷോത്തമൻ, കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, സിപിഎം മട്ടന്നൂർ ഏരിയ സെക്രട്ടറി എം രതീഷ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, മുസ്തഫ ചൂരിയോട്ട്, ഐ. എ.എൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, ബാബുരാജ് ഉളിക്കൽ (ജനതാദൾ), പി. കെ. കബീർ സലാല, അബ്ദുള്ള ഹാജി ബ്ലാത്തൂർ (കോൺഗ്രസ്), ഫാ. സജി മെക്കാട്ട് (സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം, തിരൂർ), സക്കറിയ കെ. കെ, സുബൈർ മാർത്താണ്ഡം, ഷെരീഷ് ചക്കിയാത്ത്, സലാം കേച്ചേരി (ഗ്ലോബൽ പ്രവാസി യൂണിയൻ), നാസർ ടി. പി (കോൺഗ്രസ്), ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ ജിജിമോൻ കുഴിവേലിൽ, അബ്ദുൾ അസീസ് പാലക്കി, ജാബിർ ടി. സി, അഞ്ചാംകൂടി രാജേഷ്, അഡ്വ. റെൻസൺ തുടിയംപ്ലാക്കൽ, ഷംസു ചെട്ടിയാങ്കണ്ടി, ആന്റണി മെൽവെട്ടം, റിയാസ് പത്തൊൻപതാം മൈൽ, നസീർ സി. എം എന്നിവർ പ്രസംഗിച്ചു. കണ്ണൂർ എയർപോർട്ടിനുവേണ്ടി ആദ്യ കാലങ്ങളിൽ പരിശ്രമങ്ങൾ നടത്തിയ മഹേഷ് ചന്ദ്ര ബാലിക, പി. കെ വേങ്ങര, ടി. പി. അബ്ബാസ് എന്നിവർക്ക് കെ. കെ ഷൈലജ എം.എൽ.എ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ ‘ഇന്റർനാഷണൽ എക്സലൻസ് അവാർഡ്’ നൽകി ആദരിച്ചു. ഗൾഫ് രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും, ആഫ്രിക്കൻ രാജ്യങ്ങളിലും, സിംഗപ്പൂരിലും, മലേഷ്യയിലും, ഓസ്‌ട്രേലിയയിലുമൊക്കെയായി ജീവിക്കുന്ന, വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്നത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ്. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളും കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുവാൻ സ്വപ്‍നം കാണുന്നു. എന്നാൽ, കുഗ്രാമങ്ങളിലെ ബസ് സ്റ്റോപ്പുകളുടെ അവസ്ഥയാണ് കണ്ണൂർ എയർപോർട്ടിന്റേത്. ആവശ്യത്തിന് വിമാനങ്ങളില്ല. ലഭ്യമായ വിമാനങ്ങളുടെ ടിക്കറ്റ് വില അതിഭീകരം. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ പറ്റാത്ത രീതിയിൽ ടിക്കറ്റ് വില കുത്തനെ ഉയരുവാൻ കാരണം, കൂടുതൽ വിമാനങ്ങൾക്ക് സർവ്വീസ് നടത്തുവാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി കൊടുക്കാത്തതുകൊണ്ടാണ്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം മൂലം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾ സംസ്ഥാനത്തിനകത്തേയും പുറത്തേയും മറ്റ് എയർപോർട്ടുകളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു. അതുമൂലം കണ്ണൂർ എയർപോർട്ട് ശൂന്യമായിക്കിടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, മാഹി, കുറ്റ്യാടി, നാദാപുരം, തുടങ്ങീ സ്ഥലങ്ങളിൽ നിന്നും, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമൊക്കെ, യാത്രചെയ്യുവാൻ ലക്ഷക്കണക്കിന് പ്രവാസികൾ ഉണ്ടായിട്ടും, കണ്ണൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുവാൻ യാത്രക്കാർ ഇല്ലാത്തത്, ആവശ്യത്തിനുള്ള വിമാന സർവ്വീസ് ഇല്ലാത്തതുകൊണ്ടും, ലഭ്യമായ വിമാങ്ങളുടെ ടിക്കറ്റിന് കൊള്ളവില ഈടാക്കുന്നതുകൊണ്ടുമാണ്. കണ്ണൂർ എയർപോർട്ട് നേരിടുന്ന പ്രശ്നങ്ങൾ അടിയന്തിരമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രവാസി സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളുമൊക്കെ കേന്ദ്ര സർക്കാരിന്റെ പുറകേ നടക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. കണ്ണൂർ എയർപോർട്ടിന് ‘പോയന്റ് ഓഫ് കോൾ’ പദവി നൽകണമെന്ന് കേരളത്തിലെ എം.പിമാർ ലോക്സഭയിലും രാജ്യസഭയിലുമൊക്കെ നിരവധിതവണ ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. രാഷ്ട്രീയ കക്ഷി ഭേദമെന്യേ കേരളത്തിലെ എം.പിമാർ പാർലമെന്റിൽ ശബ്ദമുയർത്തിയിട്ടും, നാളിതുവരെ യാതൊരു വിധ നടപടികളും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിവസം കഴിയുംതോറും കണ്ണൂർ എയർപോർട്ടിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുരിതമായി മാറിക്കൊണ്ടിരിക്കുന്നു. തകർന്നുപൊയ്ക്കൊണ്ടിരിക്കുന്ന കണ്ണൂർ എയർപോർട്ടിന്റെ അവസ്ഥ, ജീവിതകാലം മുഴുവൻ പ്രവാസികൾക്ക് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. അതുകൊണ്ടാണ്, ജാതി -മത -കക്ഷി -രാഷ്ട്രീയ ഭേദമന്യേ, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ച്, അതിശക്തമായ ജനകീയ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009