മുംബൈ ∙ അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹവിശേഷങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ നിശ്ചയത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം.
ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്. 12ന് ജിയോ വേൾഡ് സെന്ററിലെ ആഘോഷ പരിപാടികളാണു മുഖ്യാകർഷണം. 16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്. എല്ലാവർക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. വിരുന്നിനു ബെംഗളൂരു ആസ്ഥാനമായ രാമേശ്വരം കഫേ ഉൾപ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിർവാദ് ദിനം. മതപരമായ ചടങ്ങുകൾക്കാണു പ്രാധാന്യം. ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകൾ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തിൽ ഇരു കുടുംബത്തിലെയും മുതിർന്നവരിൽനിന്നു നവദമ്പതികൾ അനുഗ്രഹം തേടും. ചടങ്ങിനെത്തുന്ന നവദമ്പതികളെ റോസാ പുഷ്പങ്ങൾ, അരി എന്നിവയെറിഞ്ഞ് ബന്ധുക്കൾ ആശിർവദിക്കും. ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങൾക്ക സമാപനമാകും. മംഗൾ ഉത്സവ് എന്ന ഈ ചടങ്ങിൽ നവദമ്പതികളെ ആഘോഷപൂർവം കുടുംബാംഗങ്ങൾ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികൾ പ്രത്യക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രമാണു ധരിക്കേണ്ടത്.